Sunday, 13 November 2022

ഞാൻ കണ്ട നാടുകൾ ഭാഗം 2

 

എപ്പോഴും ഒരു യാത്രക്ക് തയ്യാറെടുക്കുമ്പോൾ ഒരു ശരാശരി മനുഷ്യന് നേരിടേണ്ട ആദ്യ പ്രശനമാണ് അവധി കിട്ടുക എന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ബാങ്കിൽ ജോലി ചെയ്യുന്നതിനാൽ എടുക്കാതിരുന്ന കുറച്ചു അവധികൾ ഞാൻ ഒരുമിച്ചെടുത്തും രണ്ടാം ശനിയും ഞായറും ഉൾപെടുത്തിയും എന്റെ അവധി ശരിയായി കിട്ടി. ഞാൻ ഒരു മാസം മുൻപ് തന്നെ എന്റെ മേലധികാരിയോട് പറഞ്ഞു വെച്ചിരുന്നു. എന്നാൽ എന്റെ പാർട്ണറുടെ കാര്യം അവസാന നിമിഷം വരെ ആശങ്കയിൽ ആയിരുന്നു. എന്നാലും അവളുടെ അവധിയും ശരി ആയപ്പോൾ ആണ് സമാധാനമായതു. കാരണം ടിക്കറ്റ് ആദ്യമേ ബുക്ക് ചെയ്തിരുന്നല്ലോ 

യാത്രയുടെ ദിവസം അടുക്കും തോറും വേറെയും ഒരുപാടു പ്രശ്നങ്ങൾ വന്നു. അതിൽ ഞങ്ങളെ ഏറ്റവും പേടിപ്പിച്ചത് മഴ ആയിരുന്നു. ആ സമയത്തു ഒരുപാടു ഫ്ലൈറ്റുകൾ അവരുടെ സർവീസ് ക്യാൻസൽ ചെയ്തു. പക്ഷെ യാത്രയുടെ തൊട്ടടുത്ത ദിവസം നല്ല കാലാവസ്ഥ ആയതിനാൽ ഫ്ലൈറ്റുകൾ പുനരാരംഭിച്ചു. ആയതിനാൽ തന്നെ ഞങ്ങൾ പാക്ക് ചെയ്തത് എല്ലാം കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്തു. ഹരിഹർ ഫോർട്ട് ട്രക്കിങ്ങിനായി ഷൂസ് ഉൾപ്പെടെ കുറച്ചു സാധനങ്ങൾ  ഞങ്ങൾ വാങ്ങിയിരുന്നു. അത് എടുത്തു വെച്ച് പിന്നെ തണുപ്പ് അടിക്കാതിരിക്കാനുള്ള ഡ്രെസ്സുകൾ അങ്ങനെ എല്ലാം പാക്ക് ചെയ്തു എന്ന് ഉറപ്പു വരുത്തി. ആദ്യത്തെ ഫ്ലൈറ്റ് യാത്ര ആയതിനാലും പിന്നെ നോർമലി ഒരു ബാക് അപ്പ് നല്ലത് ആയതിനാലും എല്ലാ ടിക്കറ്റിന്റെയും 3  കോപ്പി ഞാൻ എടുത്തു വെച്ചിരുന്നു. ഒന്ന് എന്റെ ഹാൻഡ് ബാഗിലും ഒന്ന് ലഗേജ് ബാഗിലും പിന്നെ ഒന്ന് അവളുടെ  ബാഗിലും വെച്ചു. പിറ്റേന്ന് ജോലി കഴിഞ്ഞു നേരെ തൃശ്ശൂർക്ക്.

അന്ന് രാത്രി ഞങ്ങൾ ksrtc ബസിൽ തൃശ്ശൂർക്കു പോകാനായി കോഴിക്കോട് ksrtc ബസ് സ്റ്റാൻഡിൽ പോയി. ഫ്ലൈറ്റ് ടിക്കറ്റ്സും , ട്രെയിൻ ടിക്കറ്റും എല്ലാം നേരത്തെ ബുക്ക് ചെയ്തു വെച്ചിരുന്ന എനിക്ക് പക്ഷെ ആദ്യത്തെ തെറ്റ് പറ്റിയത്  തൃശൂർ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാത്തത് ആയിരുന്നു, കാരണം അന്ന് വെള്ളിയാഴ്ച്ചയായിരുന്നു, പോരാത്തതിന് ദുർഗ പൂജയുടെ അവധിയും.  അന്ന് ബസിൽ നല്ല തിരക്കായിരുന്നു . സീറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥ, ഭാരമുള്ള ബാഗും പിടിച്ചു അവളും ഞാനും, ആകെ വിഷമിച്ചു പക്ഷെ ഒരു വിധത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും സീറ്റ് കിട്ടി തൃശൂർ എത്തി. ഞാൻ ഉടനെ തന്നെ കിടന്നു. അവൾക്ക് അവളുടെ ഡ്രസ്സ്‌ ആൾട്ടർ ചെയ്യാൻ ഉള്ളതിനാൽ അത് കഴിഞ്ഞു ആണ് കിടന്നതു. അടുത്ത നാൾ ഞങ്ങൾ യാത്ര ആരംഭിച്ചു. തൃശൂർ നിന്ന് അത്താണി വരെ ksrtc ബസിൽ പോയി. അത്താണി സൽക്കാര ഹോട്ടലിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. ഇറങ്ങുമ്പോൾ ഒരു വൃദ്ധയായ സ്ത്രീ ലോട്ടറി ടിക്കറ്റുമായി വന്നു. പതിവ് പോലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പ്രായവും പിന്നെ കന്നി ടിക്കറ്റ് ആണ് എന്നതും യാത്ര ചെയ്യുമ്പോൾ ഒരാളെ പിണക്കി പോകണ്ട എന്ന ചിന്തയും കാരണം ഞാൻ ആ ടിക്കറ്റ് എടുത്തു. എന്നിട്ടു അവിടെ നിന്നും ഓട്ടോയിൽ ആണ് എയർപോർട്ടിൽ പോയത്. അവിടെ എത്തിയ ഉടനെ ഞാൻ ടിക്കറ്റ്സ് എല്ലാം എടുത്തു ഉള്ളിൽ കയറി.

പക്ഷെ എല്ലാ കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ നടക്കണം എന്നില്ലല്ലോ 

തുടരും .......

ഒന്നാം ഭാഗം ലിങ്ക് : https://m.facebook.com/story.php?story_fbid=5505597709535411&id=100002557081475









ഞാൻ കണ്ട നാടുകൾ -1


 വളരെ നാളത്തെ ഒരാഗ്രഹമായിരുന്നു ഫ്ലൈറ്റ് സഞ്ചരിക്കുക എന്നത്. ഞാൻ ഒരു പ്ലാൻ എന്റെ സഹധര്മിണിയോട് പറഞ്ഞപ്പോൾ അവളാണ് ഇന്ത്യയിൽ തന്നെ എവിടേലും നോക്കിയാൽ പെട്ടെന്ന് നടക്കും എന്ന ആശയം മുന്നോട്ടു വെച്ചത്. അങ്ങനെ ആണ് മുംബൈ പോകാം എന്ന ഒരു തീരുമാനത്തിൽ എത്തി ചേർന്നതും. അതിനു ഒരു കാരണം കൂടി ഉണ്ടായിരുന്നു 

, അവളുടെ പേരമ്മച്ചി മുംബൈ ആണ് താമസം, അവർക്കു അസുഖം ആയതിനാൽ ഒന്ന് പോയി കാണണം എന്ന് കുറെ ആയി അവളും ആഗ്രഹിക്കുന്നു. അതുകൊണ്ട് മുംബൈ യാത്ര ഉറപ്പിച്ചു. ഞാൻ ഇൻഡിഗോ ടൈ അപ്പ് ആയുള്ള hdfc ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നത്. അതിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. കാരണം നല്ല ഓഫർ കിട്ടി. ഒരു മാസം മുൻപേ ആയതിനാൽ 9000 രൂപക്ക് രണ്ടു പേർക്ക് കൊച്ചി ഇന്റർനാഷണൽ എയർപോട്ടിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് മുംബൈക്ക് ടിക്കറ്റ് എടുത്തു. ഇൻഡിഗോ എയർലിനെസ് ആയിരുന്നു വിമാനം. അങ്ങനെ ആ ദിവസത്തിനായി കാത്തിരുന്നു.... ഓരോ ദിവസവും എണ്ണി എണ്ണി.... 😍


തുടരും .....